India, News

ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

keralanews madras high court lifts interim ban on tiktok app

ചെന്നൈ: യുവതലമുറയുടെ മേലുള്ള സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. അശ്ലീല വീഡിയോകളുടെ പ്രചാരണം അനുവദിക്കരുത് എന്ന വ്യവസ്ഥയ്ക്ക് മേലാണ് നിരോധനം നീക്കിയത്.അശ്ലീലം കലര്‍ന്നതും വിവാദപരവുമായ ഏതെങ്കിലും വീഡിയോകള്‍ വ്യവസ്ഥ ലംഘിച്ച്‌ അപ് ലോഡ് ചെയ്യപ്പെട്ടു എന്ന് കണ്ടാല്‍ അത് കോടതി അലക്ഷ്യമായി കണക്കാക്കുമെന്ന് ജസ്റ്റിസുമാരായ എന്‍. കിരുബാകരന്‍, എസ്‌എസ് സുന്ദര്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്‍കി. അശ്ലീല വീഡിയോകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്ക് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് തടയണം എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ടിക് ടോക്ക് പത്രപ്രസ്താവനയില്‍ അറിയിച്ചു. അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അഭിഭാഷകനായ മുത്തുകുമാര്‍ നല്‍കിയ കേസിലാണ് ഏപ്രില്‍ മൂന്നിന് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഏപ്രില്‍ 18ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നും ടിക് ടോക്ക് പിന്‍വലിച്ചിരുന്നു.തുടര്‍ന്ന് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ് വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്.തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധിയെന്നും ഇതുമൂലം കമ്പനിക്ക്  വലിയ രീതിയില്‍ നഷ്ടമുണ്ടായെന്നും ടിക് ടോക് കോടതിയില്‍ വാദിച്ചു.അശ്ലീലദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാമെന്ന് ടിക് ടോക് അറിയിച്ചതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്.നിരോധനം നീക്കിയതോടെ ആപ്ളിക്കേഷന്‍ വീണ്ടും പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ചൈനീസ് ആപ്പായ ടിക് ടോകിന് ഇന്ത്യയിലാണ് കൂടുതല്‍ ഉപഭോക്താക്കളെന്നാണ് റിപ്പോര്‍ട്ട്. നിരോധനത്തെ തുടര്‍ന്ന് ജീവനക്കാരെയും പ്രതിസന്ധിയില്‍ ആഴ്ത്തിയിരിന്നു. അതേസമയം അമേരിക്ക, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Previous ArticleNext Article