ന്യൂഡൽഹി: 100 കോടി വാക്സിൻ വിതരണമെന്ന അസാധാരണ ലക്ഷ്യമാണ് രാജ്യം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 100 കോടി ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 100 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. ഇതില്‍ നിന്ന് രാജ്യം കരകയറുമോയെന്ന ആശങ്ക പലരിലും ശക്തമായിരുന്നു. എന്നാല്‍ വാക്സിന്‍ വിതരണത്തിലൂടെ അസാധാരണമായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് സാധിച്ചു. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.പല വികസിത രാജ്യങ്ങളേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണം നടന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ സൃഷ്ടിച്ച കൊവിന്‍ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാവരും വാക്സിന്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി വാക്സിന്‍ എടുത്തവര്‍ എടുക്കാത്തവരെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു