
കണ്ണൂർ:മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി പിഡിപി നേതാവ് അബ്ദുൽ നാസർ മദനി തലശ്ശേരിയിലെത്തി. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രെസ്സിൽ രാവിലെ 7.30 ഓടെ തലശ്ശേരിയിലെത്തിയ മദനി സ്വകാര്യ ഹോട്ടലിൽ വിശ്രമിക്കുകയാണ്.തലശ്ശേരി ടൌൺ ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ ഹോട്ടലിൽ എത്തും.വിവാഹ വേദിയായ ടൌൺ ഹാളിലും മദനി താമസിക്കുന്ന ഹോട്ടലിനും കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.പാർട്ടി നേതാവിനെ സ്വീകരിക്കുന്നതിനായി നിരവധി പിഡിപി പ്രവർത്തകരാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.വൈകിട്ട് നാലു മണിക്ക് അഴിയൂർ ഹാജിയാർ പള്ളിക്കടുത്ത വധൂ ഗൃഹത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം കോഴിക്കോട് കാലിക്കറ്റ് ടവറിലേക്കു പോകും.അവിടെ നിന്ന് നാളെ രാവിലെ നാട്ടിലേക്കു മടങ്ങും.മദനി തിരിച്ചു പോകും വരെ തലശ്ശേരി പോലീസിന്റെ നിരീക്ഷണത്തിലാകും. ഡി.വൈ.എസ്.പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം.മൂന്നു സിഐ മാരുടെ നേതൃത്വത്തിൽ നൂറിലേറെ പോലീസുകാരാണ് മഫ്ടിയിലും അല്ലാതെയും നഗരത്തിലുള്ളത്. ഇവർക്കൊപ്പം ഒരു സംഘം കർണാടക പോലീസും തലശ്ശേരിയിൽ എത്തിയിട്ടുണ്ട്.