തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചു.ശിവശങ്കറിനെ ആംബുലന്‍സിലേക്ക് കയറ്റുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെയാണ് ജീവനക്കാരന്‍ തട്ടിക്കയറിയത്. ദൃശ്യം പകര്‍ത്താന്‍ അനുവദിക്കില്ല എന്നു പറഞ്ഞായിരുന്നു ഇയാളുടെ കൈയ്യേറ്റം. സംഭവത്തില്‍ ഒരു മാദ്ധ്യമപ്രവര്‍ത്തകന് പരിക്കേറ്റു.മാദ്ധ്യമപ്രവര്‍ത്തകരുടെ കൈയ്യിലുളള സ്റ്റില്‍ ക്യാമറകള്‍ തട്ടികളയാനുളള ശ്രമവും ഇയാളുടെ ഭാഗത്ത് നിന്നുണ്ടായി. ആംബുലന്‍സ് ശിവശങ്കറിനേയും കൊണ്ട് ആശുപത്രിയില്‍ നിന്നും തിരിച്ചതിന് പിന്നാലെ ഇയാള്‍ ആശുപത്രിക്കകത്തേക്ക് ഓടി ഒളിക്കുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകര്‍ ജീവനക്കാരനെതിരെ പൊലീസിന് പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാമെന്ന് പൊലീസ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി.ഉച്ചയ്ക്ക് രണ്ടേകാലോടെ ആംബുലൻസിലാണ് ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ആദ്യം ശ്രീചിത്രയിലേക്ക് കൊണ്ടു പോകാനായിരുന്നു തീരുമാനം.എന്നാല്‍ കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. എംആർഐ സ്കാന്‍ അടക്കമുള്ള പരിശോധനകള്‍ നടത്തിയെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.