കൊച്ചി: മുഖ്യ മന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു.ശിവശങ്കറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ നല്‍കാന്‍ കസ്റ്റംസ് തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ നീക്കം നടത്തിയത്.സ്വർണകടത്തിന് പുറമേ വിദേശ കറൻസി കടത്താൻ പ്രതികളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിവശങ്കർ കസ്റ്റംസ് അന്വേഷണം നേരിടുന്നത്.ശിവശങ്കറിന് ചികിത്സ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് സംഘടിപ്പിക്കും. നടുവിനും കഴുത്തിനും വേദനയെന്നാണ് ശിവശങ്കര്‍ ഇന്നലെ ഡോക്ടര്‍മാരോട് അറിയിച്ചത്. ഇതനുസരിച്ചുള്ള പരിശോധനകളും നടത്തി. ഇന്നലെ ഞായറാഴ്ചയായതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം കൂടിയില്ല. പരിശോധനാ ഫലം വിലയിരുത്തി ശിവശങ്കറിന്റെ തുടര്‍ചികിത്സയുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാവും.ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് ഇന്ന് പുറത്തിറക്കുന്ന ബുള്ളറ്റിൻ ശിവശങ്കറിനെതിരായ കസ്റ്റംസിന്‍റെ തുടർ നടപടികളിൽ നിർണായകമാകും.ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർക്കാനാണ് കസ്റ്റംസ് തീരുമാനം.