തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ചിരുന്ന കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായുള്ള എംഡി ബിജുപ്രഭാകറിന്‍റെ ചര്‍ച്ച ഇന്ന് നടക്കും. ജീവനക്കാര്‍ക്കെതിരെ പ്രതികരണം നടത്തിയ ബിജു പ്രഭാകറിന് എതിരെ വിവിധ യൂണിയനുകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുയരുന്ന ഈ സാഹചര്യത്തില്‍ ഈ ചര്‍ച്ചക്ക് പ്രാധാന്യമേറെയാണ്. ജീവനക്കാരെ ആക്ഷേപിച്ച എംഡി അഭിപ്രായം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ഉള്‍പ്പടെയുള്ള സംഘനടകള്‍ രംഗത്തുണ്ട്. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐ എന്‍ ടി യു സി അറിയിച്ചിരുന്നെങ്കിലും ഇന്നലെ നടന്ന വിശദീകരണത്തിന്റെ ഭാഗമായി മാറ്റിവച്ചിട്ടുണ്ട്.കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ക്കെതിരെ ബിജു പ്രഭാകര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു വിഭാഗം തൊഴിലാളികളാണ് കെഎസ്‌ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളെ തുരങ്കം വെയ്ക്കുന്നത്. ഇവര്‍ കൃത്യമായി ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. എന്നാൽ മൊത്തം ജീവനക്കാരെ അല്ലെന്നും കെഎസ്‌ആര്‍ടിസിയിലെ കാട്ടുകള്ളന്മാരെയാണ് ആക്ഷേപിച്ചതെന്നും ബിജു പ്രഭാകര്‍ വിശദീകരിച്ചു. കെഎസ്‌ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി പറഞ്ഞു.അതേസമയം എംഡിയുടെ പ്രസ്താവനക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഇന്നലെ ക്ലിഫ് ഹൗസിലേക്ക് മുഖ്യമന്ത്രി കെഎസ്‌ആര്‍ടിസി എംഡിയെ വിളിപ്പിച്ചിരുന്നു. കെഎസ്‌ആര്‍ടിസിയിലെ പരിഷ്‌കരണങ്ങളില്‍ മാനേജ്‌മെന്റിനെതിരെ ചിലര്‍ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നതെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു.കെഎസ്‌ആര്‍ടിസിയിലെ പരിഷ്‌കരണം സര്‍ക്കാരിന്റെ അജണ്ടയിലുള്ള കാര്യമാണ്. കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തൊഴിലാളി സംഘടനകളെയും ഉദ്യോഗസ്ഥരെയും വെറുപ്പിച്ചുകൊണ്ടുള്ള സമീപനം ഒഴിവാക്കണം. പരിഷ്‌കരണ നടപടികളില്‍ സര്‍ക്കാരിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.