കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര തീവണ്ടിയായ ‘മഹാരാജ എക്‌സ്പ്രസ്’ ആദ്യമായി കേരള സര്‍വീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് ഈ തീവണ്ടിയിലേത്. സെപ്റ്റംബറോടെ കേരളത്തിലെത്തുന്ന തീവണ്ടി ഇവിടെ രണ്ടു യാത്രകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവ, ഹംപി, മൈസൂരു, എറണാകുളം, ആലപ്പുഴ വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഒരു യാത്ര. തിരുവനന്തപുരത്തു നിന്ന് തിരിച്ച് മഹാബലിപുരം, മൈസൂരു, ഹംപി വഴി മുംബൈയില്‍ എത്തുന്ന വിധമാണ് രണ്ടാം യാത്ര.
എറണാകുളം സൗത്തിലും തിരുവനന്തപുരത്തും ഒരു ദിവസം നിര്‍ത്തിയിടും. വിനോദസഞ്ചാരികളെ മുംബൈയിൽ നിന്ന് കേരളത്തിലേക്കും ഇവിടുന്നു തിരിച്ചും എത്തിക്കും. ആദ്യമായി കേരളത്തിലെത്തുന്ന ആഡംബര തീവണ്ടി കാണാന്‍ പക്ഷേ, പൊതുജനങ്ങള്‍ക്ക് അവസരം ഉണ്ടാകില്ല. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണിത്.
ഓരോ പാക്കേജായാണ് യാത്ര. നാലുലക്ഷം മുതല്‍ 16 ലക്ഷം രൂപ വരെ ചെലവ് വരും. ഭക്ഷണവും വെള്ളവും സൗജന്യമാണ്. അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റസ്റ്റോറന്റുകള്‍ എന്നിവയാണ് എക്‌സ്പ്രസിലുള്ളത്. 2016-ല്‍ സെവന്‍ സ്റ്റാര്‍ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്‌റ്റൈല്‍ പുരസ്‌കാരം ലഭിച്ച വണ്ടിയാണിത്. 2010-ലാണ് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത്. 2012 മുതല്‍ വേള്‍ഡ് ട്രാവല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.