തിരുവനന്തപുരം:സംസ്ഥാനത്ത് ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു.നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് പ്രധാനകാരണം. അടുത്ത 36 മണിക്കൂറില്‍ ഈ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങും ഇതിന്റെ ഫലമായി 24വരെ കനത്ത തുലാമഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.എന്നാല്‍ അതിനുശേഷവും ബുധനാഴ്ചയോടുകൂടി മറ്റൊരു ന്യൂനമര്‍ദ്ദം ബംഗാല്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നുണ്ട്. ഇത് ആന്ധ്രാതീരം വഴി കരയിലേക്ക് കടക്കാനാണ് സാധ്യത. ഇതും കേരളത്തില്‍ മഴപെയ്യിക്കാന്‍ സാധ്യതയുള്ളതായി വിദേശ കാലാവസ്ഥാ ഏജന്‍സികള്‍ അറിയിച്ചു.ഇന്ന് മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴ പെയ്തത്. മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. വീടുകളിലും വെള്ളം കയറി.