India, News

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം; കനത്ത മഴയിൽ ആന്ധ്ര‍യില്‍ വെള്ളപ്പൊക്കം; തിരുപ്പതിയില്‍ കുടുങ്ങി നൂറുകണക്കിന് തീര്‍ത്ഥാടകര്‍

keralanews low pressure formed in bay of bengal floods in andhra pradesh due to heavy rains hundreds of pilgrims trapped in tirupati

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെങ്കടേശ്വര ഭഗവാന്റെ ആസ്ഥാനമായ തിരുമലയില്‍ നൂറ് കണക്കിന് തീര്‍ത്ഥാടകരാണ് ഒറ്റപ്പെട്ടത്.ക്ഷേത്രനഗരിയായ തിരുപ്പതിയിലും ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലും നിരവധി ഭക്തര്‍ കുടുങ്ങിയിരിക്കുകയാണ്.വെള്ളപ്പൊക്കം മൂലം തീര്‍ത്ഥാടകര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഭഗവാന്റെ ദര്‍ശനവും നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുമലയിലെ ജപാലി ആഞ്ജനേയ സ്വാമി ക്ഷേത്രം വെള്ളത്തിനടിയിലാവുകയും പ്രതിഷ്ഠാവിഗ്രഹം മുങ്ങുകയും ചെയ്തു.വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് തിരുമല മലനിരകളിലേയ്ക്കുള്ള രണ്ട് ചുരങ്ങള്‍ അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചുവിട്ടു.തിരുപ്പതി, കടപ്പ ചിറ്റൂര്‍ മേഖലകളില്‍ മഴ തുടരുന്നുണ്ടെങ്കിലും ന്യൂനമര്‍ദ്ദം കരതൊട്ടതിനാല്‍ തീവ്രമഴയില്ല. കടപ്പ ജില്ലയില്‍ ചെയേരു നദി കരകവിഞ്ഞൊഴുകിയതിനേത്തുടര്‍ന്ന് നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പല ഗ്രാമങ്ങളിലും വീടുകളില്‍ വെള്ളംകയറി. അനന്ത്പുര്‍, കടപ്പ ജില്ലകളില്‍ വെള്ളിയാഴ്ചയും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്ത്പുര്‍- ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Previous ArticleNext Article