Kerala, News

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം;നിസര്‍ഗ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ രൂപപ്പെട്ടേക്കും

keralanews low pressure formed in arabian sea getting strong cyclone nisarga will form tomorrow evening

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെത്തും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് സംസ്ഥാനതെത്തുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറന്‍ തീരത്തും രണ്ടാമത്തെ ന്യൂനമര്‍ദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമര്‍ദ്ദം കഴിഞ്ഞ 48 മണിക്കൂറില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസര്‍ഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്.ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം അറബിക്കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനത്തിന് പൂര്‍ണ്ണ നിരോധനം തുടരുകയാണ്. കേരളത്തില്‍ നിന്ന് യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല.

Previous ArticleNext Article