Kerala, News

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

keralanews low pressure formed in arabian sea chance for heavy rain in the state coming four days

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമായി. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലേർട്ട് നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം.ബുധനാഴ്ചവരെ ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കി.കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ കാരണമായത്. ന്യൂനമര്‍ദ്ദം രണ്ട് ദിവസത്തിനുളളില്‍ വടക്കോട്ട് നീങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും. അഞ്ചുദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

Previous ArticleNext Article