കണ്ണൂർ:വാനിലെത്തിയ സംഘം ലോട്ടറിയും 850 രൂപയും കവര്‍ന്നുവെന്ന് പൊലീസില്‍ പരാതിപ്പെട്ട ലോട്ടറി വില്‍പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കൂത്തുപറമ്പിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലര്‍വാടിയില്‍ യു.സതീശനെയാണ് (59) ഇന്നലെ പുലര്‍ച്ചെ കാനത്തുംചിറയിലെ മരമില്ലിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 4.15-ഓടെ കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍ എസ്.ബി.ഐ. ശാഖയ്ക്കുസമീപം വാനിലെത്തിയ സംഘം തന്റെ പണമടങ്ങിയ ബാഗ് കവർന്നതായി സതീശൻ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു.മുച്ചക്രവാഹനത്തില്‍ കൂത്തുപറമ്പിലേക്ക് വരുന്നതിനിടെ പിന്നില്‍നിന്നെത്തിയ സംഘം ലോട്ടറിയുണ്ടോയെന്ന് ചോദിച്ച് കണ്ണില്‍ സ്പ്രേയടിച്ച് ബാഗ് തട്ടിയെടുത്ത് വാഹനത്തിൽ കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു.12,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 850 രൂപയും തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് പാസ്ബുക്കുമടങ്ങുന്ന ബാഗാണ് നഷ്ടമായതെന്നും റോഡില്‍ വീണ തന്നെ അതുവഴിവന്ന സുഹൃത്തായ ഓട്ടോഡ്രൈവര്‍ കൂത്തുപറമ്പ് താലൂക്കാസ്പത്രിയിലെത്തിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അഞ്ച് വർഷത്തിന് മുമ്പ് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു ശരീരം തളർന്നതിനു ശേഷമാണു സതീശൻ ലോട്ടറി വിൽപനയിലേക്കു തിരിഞ്ഞത്. പിന്നീട് മുച്ചക്ര സൈക്കിൾ ലഭിച്ചതോടെ എല്ലാ ദിവസവം പുലർച്ചെ നാല് മണിയോടെ സതീശൻ ലോട്ടറി കച്ചവടത്തിന് ഇറങ്ങുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ മാങ്ങാട്ടിടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കരിക്കും.പുഷ്പയാണ് സതീശന്റെ ഭാര്യ. സൗമ്യ, സിനോയ് എന്നിവരാണ് മക്കൾ.