Kerala, News

ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം;നാലുപേർ പിടിയിൽ

keralanews lottery gambling four arrested

കണ്ണൂർ:നഗരത്തിലെ ലോഡ്ജിൽ താമസിച്ച് ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ നാലുപേർ പോലീസ് റെയ്‌ഡിൽ പിടിയിലായി.ഏജന്റുമാരെ നിയോഗിച്ചും വാട്സാപ്പ് ഗ്രൂപ്പിലൂടെയുമാണ് ഇവർ ചൂതാട്ടം നടത്തിവന്നിരുന്നത്.തയ്യിൽ സ്വദേശികളായ പി.വി ബിജു,സി.എച് പ്രജീന്ദ്രൻ, തോട്ടട സ്വദേശി ഹരീഷ് കുമാർ,തളിക്കാവ് സ്വദേശി ഇന്ദ്രജിത് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 40000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 10 ഏജന്റുമാരാണ് ഇവർക്കുള്ളത്.വിന്നേഴ്സ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ് വഴിയാണ് ഇവർ നമ്പർ അറിയിക്കുന്നതെന്ന് പോലീസ് പറഞ്ഞു.കേരള ഭാഗ്യക്കുറിയുടെ അവസാന മൂന്നക്കമാണ് ചൂതാട്ടത്തിനായി നൽകുന്നത്.ഒരു നമ്പർ നൽകുന്നതിന് പത്തു രൂപയാണ് നൽകേണ്ടത്.നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച ഭാഗ്യക്കുറി നമ്പറിൽ ഈ മൂന്നക്കമുണ്ടായാൽ 5000 രൂപയാണ് നൽകുക.ഒരാൾക്ക് എത്ര നമ്പർ വേണമെങ്കിലും നൽകാം. കണ്ണൂർ സിഐ ടി.കെ രത്നകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജയ്,ലിജേഷ്,സജിത്ത് മുരളി,റയീസ് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.

Previous ArticleNext Article