ബെംഗളൂരു:വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു.കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 99 എം എല്‍ എമാര്‍ വോട്ടുചെയ്തു.105 പേര്‍ പ്രതികൂലമായും വോട്ടു ചെയ്തു.സര്‍ക്കാര്‍ ആറ് വോട്ടിന് പരാജയപ്പെട്ടതായി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ സഭയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പിന്നാലെ, കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായ് വാലയെ സന്ദര്‍ശിച്ച് രാജി സമര്‍പ്പിച്ചു.പതിന്നാല് മാസം മാത്രമാണ് കുമാരസ്വാമി സര്‍ക്കാര്‍ നിലനിന്നത്.ഇതോടെ പതിന്നാല് ദിവസം നീണ്ട രാഷ്‌ട്രീയ നാടകമാണ് അവസാനിച്ചത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്.224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-78, ജെ ഡി എസ്-37, ബി എസ് പി-1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി ജെ പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു.വിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ ബി.ജെ.പി അംഗങ്ങള്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പതിനാറ് കോണ്‍ഗ്രസ് – ജനതാദള്‍ (എസ്) എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. വിശ്വാസ വോട്ടെടുപ്പ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കാമെന്ന് സ്‌പീക്കര്‍ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് സ്പീക്കര്‍ തന്നെ ഭീഷണിമുഴക്കിയത് നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചു. രാജിക്കത്ത് അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയും ചെയ്‌തു.2018 മെയ് മാസത്തിലാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യംസര്‍ക്കാര്‍ രൂപീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. സ്പീക്കര്‍ ബിഎസ് യെദ്യൂരിയപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരുന്നു. യെദ്യൂരപ്പ അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതിനിടെ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം രൂപീകരിക്കുകയും വിശ്വാസ വോട്ടെടുപ്പിന് മുമ്ബേ തന്നെ സുപ്രീംകോടതി വരെ നീങ്ങിയ നാടകങ്ങള്‍ക്കൊടുവില്‍ യെദ്യൂരപ്പ രാജിവെച്ച് കുമാരസ്വാമി അധികാരത്തിലേറിയത്.