തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ചരക്കു ലോറി ഉടമകൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു.സമരം ജനജീവിതത്തെ ബാധിച്ചു തുടങ്ങി.സമരം ഒരാഴ്ച പിന്നിട്ടതോടെ കേരളത്തിലേക്കുള്ള അരിയുടെയും പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വരവ് ഗണ്യമായി കുറഞ്ഞു. ഇത് പൊതുവിപണിയെയും ബാധിച്ചു തുടങ്ങി.നിലവില്‍ സ്റ്റോക് തീര്‍ന്ന അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍ പറയുന്നു. അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത്. പച്ചക്കറിയും പലവ്യഞ്ജനങ്ങളും എത്തുന്നതും ഇവിടെ നിന്നാണ്.അരിയും പച്ചക്കറികളുമായും എത്തുന്ന ലോറികളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു.അതേസമയം, ലോറി സമരത്തിന്റെ മറവില്‍ സംസ്ഥാനത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാന്‍ കച്ചവടക്കാര്‍ ശ്രമിക്കുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ സജീവമാണ്. പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ സിവില്‍ സപ്ലൈസ് അധികൃതരും രംഗത്തുണ്ട്.