കരിവെള്ളൂർ:ദേശീയപാതയിൽ അതിവേഗത്തിൽ വന്ന ലോറിയിടിച്ച് മൂന്നു വാഹനങ്ങൾ തകർന്നു.കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് മീൻ കൊണ്ടുപോവുകയായിരുന്ന ലോറി ഓണക്കുന്നിൽ വെച്ച് എതിർദിശയിൽ വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും ടയറും പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മഞ്ചേരി സ്വദേശികളായ അബ്ദുൽ ഷെഫീക്ക്,അമീർ,ബഷീർ എന്നിവർക്ക് പരിക്കേറ്റു.കാറിലിടിച്ച ലോറി നിർത്താതെ അതിവേഗത്തിൽ പയ്യന്നൂർ ഭാഗത്തേക്ക് പോയി. തുടർന്ന് ഓണക്കുന്ന്,ചേടികുന്ന് ഭാഗങ്ങളിലെ നാട്ടുകാരും വ്യാപാരികളും പല വണ്ടികളിലായി ലോറിയെ പിടികൂടാൻ പിന്തുടർന്നു.ഒപ്പം കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് ചാലക്കുടിയിലേക്ക് മടങ്ങുകയായിരുന്ന കാറിലെ ഡ്രൈവർ ജോഷിയോടും സഹായം അഭ്യർത്ഥിച്ചു. ഇയാൾ കണ്ടോത്ത് വെച്ച് കാർ ലോറിക്ക് കുറുകെയിട്ട് തടയാൻ ശ്രമിച്ചുവെങ്കിലും കാറിനെ ഇടിച്ചു തെറിപ്പിച്ച് ലോറി പിന്നെയും മുൻപോട്ടെടുത്തു. ഇതിനിടെ ഒരു ഓട്ടോയിലും ലോറിയിടിച്ചു.അപ്പോഴേക്കും മറ്റു വാഹനങ്ങൾ മുന്നിൽ കയറി തടസം നിന്നതിനാൽ ലോറിക്ക് മുന്നോട്ട് പോകാനായില്ല.പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ലോറി ഡ്രൈവർമാരായ കർണാടക സ്വദേശികളായ സാദിക്ക്,തൗഫീക്ക് എന്നിവരെ കസ്റ്റഡിയിലെടുത്തു.
Kerala, News
ദേശീയപാതയിൽ ലോറിയിടിച്ച് മൂന്നു വാഹനങ്ങൾ തകർന്നു;മൂന്നുപേർക്ക് പരിക്കേറ്റു
Previous Articleതലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനുള്ളിൽ തീപിടുത്തം