
തലശേരി: നഗരമധ്യത്തിലെ ഡിവൈഡറില്‍ കയറിയ ചരക്ക് ലോറി നിശ്ചലമായി. ഒടുവില്‍ യന്ത്രസഹായത്തോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന കഠിന പ്രയത്‌നത്തില്‍ ഡിവൈഡര്‍ പൊളിച്ചു നീക്കി ലോറി മോചിപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള ചരക്കു ലോറി പഴയ ബസ് സ്റ്റാൻഡിൽ സൗന്ദര്യ ഫാന്‍സിക്കു മുന്‍വശമായി ഡിവൈഡറിനു മുകളില്‍ കയറി നിശ്ചലമായത്. ഡ്രൈവര്‍ ഏറെ ശ്രമിച്ചിട്ടും ലോറി ഡിവൈഡറില്‍ നിന്നും ഇറങ്ങിയില്ല.ഒടുവില്‍ പുലര്‍ച്ചെയോടെ കോണ്‍ക്രീറ്റ് പൊളിക്കുന്ന യന്ത്രം ഘടിപ്പിച്ച വാഹനമെത്തുകയും ലോറിക്കടിയിലൂടെ അതിസാഹസികമായി കോണ്‍ക്രീറ്റ് പൊളിച്ച ശേഷം രാവിലെ പത്തരയോടെ ലോറി നീക്കം ചെയ്യുകയും ചെയ്‌തു. ലോറി ഇപ്പോള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണുള്ളത്.പൊളിച്ചു നീക്കിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തുക ബന്ധപ്പെട്ട വകുപ്പില്‍ കെട്ടി വയ്ക്കുകയും നിയമലംഘനത്തിന് പിഴയടക്കുകയും ചെയ്‌താലേ ലോറിക്ക് മോചനം നല്‍കൂവെന്ന് പോലീസ് അറിയിച്ചു.