India, News

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

keralanews loksabha passes citizenship amendment bill

ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. ഇവരെ 1920ല ഇന്ത്യയിലേക്കുള്ള പാസ്പോര്‍ട്ട് എന്‍ട്രി നിയമത്തിന്‍റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയില്‍ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാര്‍ അല്ലാതാക്കി മാറ്റും. അഭയാര്‍ഥി പ്രവേശന സമയപരിധി 2014 ഡിസംബര്‍ 31 എന്ന് വ്യക്തമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്‍റെ 2(1) ബി വകുപ്പില്‍ പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ത്തിട്ടുണ്ട്.ഭരണഘടനയുടെ ആറാം അനുബന്ധത്തിന്‍റെ സംരക്ഷണമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ക്കു ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. അതോടൊപ്പം തന്നെ 1873ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി ഉടന്പടി അനുസരിച്ച്‌ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങള്‍ക്കും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലില്‍ ഉറപ്പു നല്‍കുന്നത്.

ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമ നിര്‍മ്മാണമാണ് ഭേദഗതിയിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഉന്നയിച്ചു. ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി വിവാദ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം തുടര്‍ന്നു.ഏഴ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഭേദഗതികള്‍ തള്ളിയതിന് പിന്നാലെ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കി. 80ന് എതിരെ 311 വോട്ടുകള്‍ക്ക് രാത്രി ഏറെ വൈകി ബില്ല് പാസാക്കി.എ.ഐ.ഡി.എം.കെ, ജനതാദള്‍ യു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

Previous ArticleNext Article