കണ്ണൂർ:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനിലെത്താൻ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ഒരുക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് തീരുമാനം.വാഹന സൗകര്യം ആവശ്യമുള്ളവർ അതാത് വില്ലേജ് ഓഫീസുകളിൽ ഫോൺ മുഖേന രെജിസ്റ്റർ ചെയ്യണം.ജില്ലയിലെ വില്ലേജ് ഓഫീസർമാരുടെ നമ്പറുകൾ ‘we are kannur’ എന്ന മൊബൈൽ ആപ്പ്ളിക്കേഷനിൽ നിന്നും ലഭിക്കും.പേർ, വിലാസം,ഫോൺ നമ്പർ,പോളിംഗ് സ്റ്റേഷൻ,വാഹനം എത്തേണ്ട സ്ഥലം എന്നിവ രെജിസ്ട്രേഷൻ സമയത്ത് അറിയിക്കണം.ഭിന്നശേഷിക്കാരായ വോട്ടർമാർ അറിയിക്കുന്ന സ്ഥലങ്ങളിൽ നിന്നും അവരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുകയും വോട്ട് ചെയ്‌ത ശേഷം തിരികെ ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യും.ഇത് സംബന്ധിച്ച് കണ്ണൂർ കലക്റ്റർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്റ്റർ അർജുൻ പാണ്ഢ്യൻ,ഇലക്ഷൻ ഡെപ്യൂട്ടി കലക്റ്റർ എ.കെ രമേന്ദ്രൻ,അഖിലകേരളാ വികലാംഗ അസോസിയേഷൻ പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രിൽ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.