India, News

ലോക്സഭാ തെരഞ്ഞെടുപ്പ്;അഞ്ചു ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

keralanews loksabha election supreme court order to count 5% vvpat

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ  മണ്ഡലങ്ങളിലും അഞ്ച് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി.ഇതോടെ ഫലം പുറത്തുവരുന്ന സമയത്തിന് താമസം ഉണ്ടായേക്കാം. ഒരു ശതമാനം വിവിപാറ്റ് എണ്ണാന്‍ ഒരു മണിക്കൂറെങ്കിലും വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.ചില മണ്ഡലങ്ങളില്‍ ഇതില്‍ കൂടുതല്‍ സമയം ആവശ്യമായി വരും.ഒരു മണ്ഡലത്തിലെ ഒരു ഇ.വി.എമ്മിലെ വിവിപാറ്റുകള്‍ എണ്ണുന്നതാണ് നിലവിലെ രീതി. അത് അഞ്ച് യന്ത്രങ്ങളിലെ വിവിപാറ്റുകള്‍ ആക്കി ഉയര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം.50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധിപറഞ്ഞത്. വിവി പാറ്റ് എണ്ണിയാല്‍ വോട്ടെണ്ണല്‍ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.അതേസമയം കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ വോട്ടെണ്ണൽ രണ്ടുദിവസത്തിനുള്ളില്‍ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടി വന്നാല്‍ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.കൂടാതെ, 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് കുറഞ്ഞത്‌ 9 ദിവസമെങ്കിലും വേണ്ടിവരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.എന്നാല്‍, ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കിയത്.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവി പാറ്റ് മെഷിന്റെ പ്രത്യേകത. അതിനാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന് വിളിക്കുന്ന വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്.തത്സമയം തന്നെ ഫീഡ്ബാക്ക് ലഭിക്കുന്നതോടെ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നോ എന്ന് അറിയാന്‍ വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്കും വിവിപാറ്റ് സംവിധാനത്തിലുണ്ട്. വോട്ടര്‍മാര്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ഇലക്‌ട്രോണിക് വോട്ടിഗ് യന്ത്രത്തില്‍ മാത്രമല്ല, അത് വിവിപാറ്റിലും അതേസമയം രേഖപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്. അതായത് തിരഞ്ഞെടുപ്പിന് ശേഷം ഇലക്‌ട്രോണിക് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ പോലും വിവി പാറ്റില്‍ തല്‍സമയം പ്രിന്റാകുന്ന വോട്ട് രേഖയില്‍ പിന്നീട് മാറ്റംവരുത്തുക സാധ്യമല്ല. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസിലാണ് വിവിപാറ്റ് മെഷീന്‍ സ്ഥാപിക്കുക. ഒരു വോട്ടര്‍ വോട്ട് ചെയ്യുമ്ബോള്‍ അത് വിവിപാറ്റിലും രേഖപ്പെടുത്തപ്പെടും വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം തന്നെ വിവിപാറ്റില്‍നിന്ന് ഒരു കടലാസ് പ്രിന്റൗട്ട് ആയി പുറത്തു വരും. ആ പേപ്പര്‍ രസീതുകളില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ ചിത്രവും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് ആ പേപ്പര്‍ രസീത് കൈപ്പറ്റി തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയതെന്ന് പരിശോധിച്ച്‌ ഉറപ്പ് വരുത്താം. ഇതിന് വോട്ടര്‍മാര്‍ക്ക് ഏഴ് സെക്കന്റ് സമയം നല്‍കും.എന്നാല്‍ ആ രസീതുകള്‍ പോളിങ് ബൂത്തുകള്‍ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ അനുവദിക്കില്ല. അതത് ബൂത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന പെട്ടികളില്‍ രസീതുകള്‍ നിക്ഷേപിക്കപ്പെടും.ഇത്തരത്തില്‍ പേപ്പര്‍ രസീതുകള്‍ ബോക്‌സുകളില്‍ നിക്ഷേപിക്കുന്നതുകൊണ്ട് വോട്ടെടുപ്പ് സംബന്ധിച്ച്‌ എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ ഇവ എണ്ണാന്‍ സാധിക്കും. വിവിപാറ്റ് മെഷിനുകള്‍ വോട്ടര്‍മാര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല. ഇവ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളു.

Previous ArticleNext Article