ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്.7 സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി, ലഖ്നൗ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പതിനാലും മധ്യപ്രദേശിലെയും പശ്ചിമബംഗാളിലെയും ഏഴ് മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടും.രാജസ്ഥാന് 12, മധ്യപ്രദേശ് 7, ഝാര്‍ഖണ്ഡ് 4, ബീഹാര്‍ 5, ബംഗാള്‍ 7, കശ്മീര്‍-2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാവ് സ്മൃതി ഇറാനി, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്നവരിൽ പ്രമുഖർ.അഞ്ചാംഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന 51 മണ്ഡലങ്ങളില്‍ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമായിരുന്നു ബിജെപി നേടിയിരുന്നത്. 51ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്. അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ പരാജയത്തില്‍ നിന്നും വലിയൊരു തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കശ്മീരില്‍ കശ്മീരില്‍ ലഡാക്ക് മണ്ഡലത്തിലെ കാര്‍ഗില്‍, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പം ഇന്നാണ് നടക്കുന്നത്. അനന്തനാഗില്‍ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പില്‍ 10% വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്.543ല്‍ 425 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം കഴിയുന്നതോടെ പൂര്‍ത്തിയാകും.