Kerala, News

ലോക്സഭാ തെരഞ്ഞെടുപ്പ്; സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി

keralanews loksabha election cpi candidates list ready

തിരുവനന്തപുരം:ലോക്സഭാ തെരെഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി.തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ മത്സരിക്കും.മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശ്ശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടില്‍ പിപി സുനീറും മത്സരിക്കുമെന്നാണ് ധാരണ.ലോകസഭാ തെരഞ്ഞെടുപ്പിനായി രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്കാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. എല്‍.ഡി.എഫ് സീറ്റ് വിഭജനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.തിരുവനന്തപുരത്ത് മുന്‍ മന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ സി.ദിവാകരനെയാണ് സിപിഐ ഇത്തവണ രംഗത്തിറക്കുന്നത്.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റേതടക്കമുള്ള പേരുകള്‍ ജില്ലാ കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം കാനം രാജേന്ദ്രന്‍ തള്ളിയ സാഹചര്യത്തിലാണ് സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.മൂന്ന് ജില്ലാ കമ്മിറ്റികളില്‍ നിന്നുള്ള നിര്‍ദേശമാണ് മാവേലിക്കര മണ്ഡലത്തില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.തൃശൂരില്‍ നിലവിലെ എംപി സിഎന്‍ ജയദേവന്‍റെ അഭിപ്രായം കൂടി പരിഗണിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. ജനയുഗം എഡിറ്ററാണ് രാജാജി മാത്യു തോമസ്. വയനാട് പി.പി.സുനീറിനെയും കാര്യമായ എതിര്‍പ്പുകള്‍ കൂടാതെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്.

Previous ArticleNext Article