India, News

രാജ്യത്ത് ലോക്ക് ഡൌൺ തുടരും;20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

keralanews lockdown will continue in the country prime minister-announces financial package of rs 20 lakh crore

ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്ഡൗൺ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടില്‍വ്യവസായം, ചെറുകിടം–- ഇടത്തരം സംരംഭങ്ങള്‍, തൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പാക്കേജാണ്‌ പ്രഖ്യാപിക്കുക. സ്വയംപര്യാപ്ത ഇന്ത്യക്ക് ഊര്‍ജമേകും. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്കാണ് ഊന്നൽ നൽകുക.രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ധീരമായ പരിഷ്കാരം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഭാവിയില്‍ കോവിഡിന് സമാനമായ പ്രതിസന്ധികളെ മറികടക്കാനാകൂ. കാര്‍ഷികമേഖലയ്ക്കായി വിതരണശൃംഖലാ പരിഷ്കാരം, നികുതി സംവിധാനം, ലളിതവും വ്യക്തവുമായ നിയമങ്ങള്‍, ശേഷിയുള്ള മനുഷ്യവിഭവം, ശക്തമായ ധനസംവിധാനം എന്നിവയ്ക്കായി പരിഷ്കാരങ്ങൾ ഉണ്ടാകും. ഇത് ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വയംപര്യാപ്തത ആഗോളവിതരണ ശൃംഖലയില്‍ കടുത്ത മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ഈ മത്സരത്തില്‍ ജയിക്കേണ്ടതുണ്ട്. ഇത് മനസ്സില്‍ കണ്ടാണ് പാക്കേജ് ഒരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.അടച്ചിടല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്ന് സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 50,000 കോടിയുടെയും പാക്കേജ് ഉള്‍പ്പെടെയാണ് പുതിയ പ്രഖ്യാപനം.

Previous ArticleNext Article