Kerala, News

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്;വസ്ത്രങ്ങള്‍, സ്‌റ്റേഷനറി, ജുവല്ലറികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം

keralanews lockdown restrictions relaxed in the state today clothing stationery and jewelery shops can open

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്.അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. രാവിലെ എഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. വളരെ കുറച്ച്‌ ജീവനക്കാരെ മാത്രം ഉപയോഗിച്ച്‌ പ്രവര്‍ത്തിപ്പിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. വാഹന ഷോറൂമുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.മൊബൈല്‍ ഫോണ്‍ റിപ്പയറിങ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാം. എന്നാല്‍ ഇത് മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് ഇന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ആയിരിക്കും.ഈ ദിവസങ്ങളിൽ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്‌സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ശന സാമൂഹിക അകലം പാലിച്ച്‌ ഈ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.

Previous ArticleNext Article