തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നു സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പരിഗണിച്ചേക്കുമെന്നും സൂചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോൾ ലോക്ഡൗണ്‍ അവസാനിക്കാറായി എന്നു പറയാറായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. തീരുമാനമെടുക്കാന്‍ രണ്ടു മൂന്നു ദിവസം കൂടിയുണ്ട്. സംസ്ഥാനത്തെ കൊറോണ വ്യാപനം വിലയിരുത്തിയ ശേഷമായിരിക്കും ലോക്ഡൗൺ പിൻവലിക്കുന്നതിൽ തീരുമാനമെടുക്കുക. കൊറോണ വ്യാപന നിയന്ത്രണത്തിനാണ് ആദ്യം പ്രധാന്യം കൊടുക്കുന്നത്. അതിന് വിഘാതമാകുന്ന മേഖലകളിൽ ഇളവ് അനുവദിക്കാനാകില്ല. എന്നാല്‍ ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ പരമാവധി തുറന്നു കൊടുക്കുകയും വേണം. ഇതു രണ്ടും കൂടിയുള്ള സമതുലിതമായ തീരുമാനമെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഞായറാഴ്ചയാണു നിലവിലുള്ള ലോക്ഡൗണ്‍ അവസാനിക്കുന്നത്.അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കാനനുമതി. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.ലോക്ക് ഡൗണ്‍ ഗുണം ചെയ്തു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ലോക്ക് ഡൗണ്‍ സമയത്ത് കോവിഡ് വ്യാപനത്തില്‍ കുറവു വരുന്നതായും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.