തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ വരും ദിവസങ്ങളിലുള്ള ഇളവുകളില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.വ്യാഴാഴ്ച മുതൽ വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാകും ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. എന്തൊക്കെ ഇളവുകളാണ് നല്‍കേണ്ടത് എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന വിദഗ്ദ്ധ സമിതിയുടെ യോഗത്തിലായിരിക്കും അന്തിമ തീരുമാനം എടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് രോഗവ്യാപനം തടയുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. അതിനാല്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവ് നല്കാൻ സാധ്യതയില്ല. മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പ്രതിദിന വാക്സിന്‍ വിതരണം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെയായി ഉയര്‍ത്താനാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്ണായി ഉയര്‍ത്തും. ആശുപത്രി സൗകര്യങ്ങളും വികസിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചെര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കൊറോണ പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലേക്ക് അതിവേഗം എത്തിയതോടെയാണ് കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തിയത്. ആദ്യം ഒരാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടിനീട്ടേണ്ടിവന്നു. ഒന്നരമാസം വിവിധ ഘട്ടങ്ങളിലെ ലോക്ഡൗണിന് ശേഷമാണ് കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം മാറുന്നത്. എന്നാൽ ജനങ്ങളെ നിയന്ത്രിക്കാൻ പറ്റാത്ത ഇടങ്ങളുടെ ലിസ്റ്റ് പോലീസും ആരോഗ്യവകുപ്പും നൽകിയിട്ടുണ്ടെന്നും അത്തരം മേഖലകളിലെ നിയന്ത്രണം ഭാഗികമായി മാത്രമേ പിൻവലിക്കൂ എന്നും സൂചനയുണ്ട്. പൊതുഗതാഗതം ടി.പി.ആർ കുറഞ്ഞ മേഖലകളിൽ പതിവുപോലെ ആരംഭിക്കണമെന്ന ശുപാർശ വിദഗ്ധസമിതി നൽകിയിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ വച്ചുള്ള പ്രവർത്തനം മതിയെന്നാണ് ധാരണ. സാധാരണക്കാരുടെ നിത്യവൃത്തിക്ക് സഹായിക്കുന്ന തുണിക്കടകളും ചെരിപ്പുകടകളും കണ്ണട വിൽക്കുന്ന കടകളും തുറക്കാൻ അനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കടകൾക്ക് നിലവിൽ നിയന്ത്രണങ്ങളില്ല. അതേ സമയം ഹോട്ടലുകളിലെ ഭാഗിക നിയന്ത്രണം തുടരുമെന്നും സൂചനയുണ്ട്. അതേ സമയം സിനിമാ വ്യവസായത്തിനും ജിമ്മുകൾക്കും മാളുകൾക്കും ഉടൻ പ്രവർത്തനാനുമതി ലഭിക്കില്ല.