Kerala, News

സംസ്ഥാനത്ത് ലോക്ഡൗണ്‍‍ മേയ് 30വരെ നീട്ടി; മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണ്‍ തുടരും

keralanews lockdown extended to may 30 in the state triple lockdown in three districts withdrawn

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍‍ മേയ് 30വരെ നീട്ടി.മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് നാളെ മുതല്‍ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. അതിനാല്‍, ജില്ലയില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് പിണറായി പറഞ്ഞു.പോലീസിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. അതിനായി ഐജി മലപ്പുറത്ത് ക്യാമ്പ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്സിനേഷനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍ പെടുത്തും.വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്പോര്‍ട്ട് നമ്പർ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തുനല്‍കും.ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്‍റെ ലഭ്യത ഉറപ്പാക്കും. അതുസംബന്ധിച്ച്‌ ബോധവല്‍ക്കരണവും സംഘടിപ്പിക്കും.മെഡിസിന്‍ ആന്‍റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഇതിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.അമിതമായി ഗുരുരമല്ലാത്ത കോവിഡ് രോഗികളുടെ ഓക്സിന്‍ ആശ്രയത്വം കുറക്കാന്‍ മരുന്ന് സഹായിക്കും. ഈ മരുന്നിന്‍റെ 50,000 ഡോസിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. ജൂണില്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം ഇവിടെ സംഘടിപ്പിക്കാന്‍ വാക്സിന്‍ ഉല്‍പാദക മേഖലയിലെ വിദഗ്ദരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി കാമ്ബസ്സില്‍ വാക്സിന്‍ കമ്ബനികളുടെ ശാഖകള്‍ ആരംഭിക്കാന്‍ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ വെബിനാര്‍ നടത്തി ഇതില്‍ ധാരണയിലെത്തും.എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വീസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പ്രത്യേക ഇളവ് നല്‍കും. വിത്തിറക്കാനും കൃഷി പണിക്കും പോകുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ സൂക്ഷിക്കണം.

കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ആ തരത്തില്‍ ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാലാണ് രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേക്കാളും ഉയര്‍ന്നിരിക്കുന്നത്.ഇന്ന് രേഖപ്പെടുത്തുന്ന മരണങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമായ രോഗബാധയുണ്ടായിരിക്കുന്നത് 2 മുതല്‍ 6 ആഴ്ച വരെ മുന്‍പായിരിക്കാം. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്സിജനും വെന്‍റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും.അതിനാല്‍ എല്ലാ ആശുപത്രികളിലും ആവശ്യത്തിന് വെന്‍റിലേറ്ററുകള്‍, ഓക്സിജന്‍ ലഭ്യത, ഐസിയു കിടക്കകള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഓരോ ജില്ലാ കലക്ടര്‍മാരുടേയും നേതൃത്വത്തില്‍ അടിയന്തരമായി ഉറപ്പിക്കേണ്ടതാണ് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണം.കാലവര്‍ഷം കടന്നുവരാന്‍ പോവുകയാണ്. ഡെങ്കിപ്പനി മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടുമ്ബോള്‍ ശക്തമാകുന്ന സ്വഭാവമുള്ള പകര്‍ച്ചവ്യാധിയാണ്. ഇതിനു മുന്‍പ് കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമായ തോതില്‍ ബാധിച്ചത് 2017ല്‍ ആണ്. അതിനാല്‍ ഈ വര്‍ഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article