തിരുവനന്തപുരം:ലോക്ക് ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കര്‍ശനമാക്കിയതിന് പിന്നാലെ ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുന്‍ഗണനേതര വിഭാഗം ഉള്‍പ്പെടെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 15 കിലോ അരി സൗജന്യമായി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. നീല, വെള്ള കാര്‍ഡുടമകളായ 46 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവര്ക്കും മുന്‍ഗണനാ വ്യത്യാസമില്ലാതെ ആയിരം രൂപയുടെ ഭക്ഷ്യധാന്യ കിറ്റ് നല്‍കാനും തീരുമാനിച്ചു.ആളൊന്നിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പുമടക്കം അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കുന്ന മുന്‍ഗണനാ വിഭാഗത്തിനും ഭക്ഷ്യധാന്യം സൗജന്യമായിരിക്കും.അന്ത്യോദയ – അന്നയോജന വിഭാഗക്കാര്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുന്നത് തുടരും.നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകള്‍ സപ്ലൈകോ ഔട്ട്ലറ്റുകളില് നിന്ന് ജില്ലാഭരണാധികാരികളെ ഏല്പിക്കുകയും തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ അതത് വീടുകളില്‍ എത്തിക്കുകയും വേണം.റേഷന്‍ കടകളിലൂടെ ലഭ്യമാക്കിയാല്‍ ജനങ്ങള്‍ കൂട്ടം കൂടാന്‍ ഇടയുണ്ട് എന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗം ആലോചിക്കുന്നത്.ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന പട്ടികയനുസരിച്ചാകും കിറ്റ് നല്‍കുക.പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, തേയില, ആട്ട, ഉഴുന്ന്,സാമ്പാർപൊടി, രസപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പുട്ടുപൊടി, ഉപ്പ്, സോപ്പ് എന്നിവയടങ്ങുന്നതാണ് കിറ്റ്.സംസ്ഥാനത്തെ പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമത്തിലും മന്ത്രിസഭായോഗം മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും ആണ് റേഷന്‍ കടകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.