തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം.കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാറില്‍ രണ്ട് പേര്‍ മാത്രമെ സഞ്ചരിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറിന് ഇളവ് ഉണ്ടാകില്ല.തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തത്ക്കാലം ഇളവ് അനുവദിക്കില്ല. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്.അതേ സമയം കയര്‍,കൈത്തറി,കശുവണ്ടി, ബീഡി തൊഴില്‍ മേഖലകളില്‍ ഇളവിനപ്പുറം വലിയ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യമൊന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. സാലറി ചലഞ്ച് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായില്ലെന്നാണ് വിവരം.