ഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. രാജ്യത്തെ സ്ഥിതിഗതികളും കോവിഡ് പ്രതിരോധ നടപടികളുമെല്ലാം ചര്‍ച്ചയില്‍ വിഷയമാകും. ട്രെയിന്‍ സര്‍വീസ് നടത്താനുള്ള തീരുമാനം അടക്കം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും.ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണം എന്ന കേന്ദ്രത്തിന്റെ നിലപാടാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിന് പിന്നില്‍. എന്നാല്‍ സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും. ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ കാര്യത്തിലും ബസ് ഗതാഗതത്തിന്റെ കാര്യത്തിലുമാണ് ഇനി തീരുമാനം ഉണ്ടാവേണ്ടത്. സാമ്പത്തിക രംഗം നിശ്ചലമാകാതിരിക്കാന്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ കാബിനറ്റ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.നാളെ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന് രാജ്യത്തെ 15 നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വേ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.