ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി.മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കിരിക്കെയാണ് പുതിയ തീരുമാനം, രാജ്യത്താകെ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ടാഴ്ചത്തേക്ക് പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല.ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്. 21 ദിവസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.