ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരെ സിഘുവില്‍ നിന്ന് ചെയ്യണം എന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. സിംഘുവില്‍ താമസിക്കുന്ന പ്രദേശവാസികളുടെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രതിഷേധം അരങ്ങേറിയത്.കര്‍ഷകര്‍ ഹൈവൈയില്‍ നിന്ന് പിന്‍മാറണമെന്നും 60 ദിവസമായി അടഞ്ഞുകിടക്കുന്ന റോഡുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 60 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നൂറുകണക്കിന് കര്‍ഷകരാണ് സിംഘു അതിര്‍ത്തിയിലുള്ളത്. സിംഘു, ഗാസിപ്പൂര്‍ സമരവേദികളില്‍ നിന്ന് മൂന്ന് ദിവസത്തിനുളളില്‍ പിന്‍മാറണമെന്ന് നിര്‍ദേശിച്ച് കര്‍ഷകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പാലിസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തിയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഇതിനിടെ കര്‍ഷക സമരം പൊളിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഗാസിപുരിലെ സമര കേന്ദ്രത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നതിനായി ജലവിതരണം റദ്ദാക്കി. സമര കേന്ദ്രത്തിലേക്കുള്ള വൈദ്യുതി ബന്ധം കഴിഞ്ഞ ദിവസം വിച്ഛേദിച്ചതിനു പിന്നാലെയാണ് അടുത്ത നടപടിയുണ്ടായിരിക്കുന്നത്.. വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.