Food, Kerala, News

സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ കേടുവന്ന അരി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു

keralanews locals prevented damaged rice taken to polish for distribution to students

കോഴിക്കോട്: ഏഴ് മാസത്തോളമായി കെട്ടിക്കിടന്നതിനെ തുടര്‍ന്ന് കേടുവന്ന അരി സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പോളിഷ് ചെയ്യാന്‍ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.ഏതാനും ലോഡ് അരി കൊണ്ടുപോയശേഷമാണ് ആളുകള്‍ വിവരമറിയുന്നത്. ഡിസിസി പ്രസിഡന്റ് യു രാജീവന്‍, കെപിസിസി മെമ്പർ പി രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ലോറി തടഞ്ഞശേഷം സിവില്‍ സപ്ലൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. എംഡിഎംഎസ്. പദ്ധതിപ്രകാരമുള്ള അരി ഏഴുമാസമായി സ്‌കൂള്‍കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നില്ല. ദീര്‍ഘകാലം സൂക്ഷിച്ചതിനാലാണ് അരി കേടുവന്നതെന്ന് കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ ഷിജോ പറഞ്ഞു. കേടുവന്ന അരി കീടബാധ ഒഴിവാക്കി സ്വകാര്യമില്ലില്‍ നിന്ന് പോളിഷ് ചെയ്തശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ ഫെബിന മുഹമ്മദ് അഷ്‌റഫ് സ്ഥലത്തെത്തി കേടുവന്ന അരിയുടെ സാംപിള്‍ ശേഖരിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് അരി തിരിച്ചിറക്കി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുണ്ട്.

Previous ArticleNext Article