Kerala, News

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്;കോ​വി​ഡ് രോഗികൾക്കായുള്ള ത​പാ​ല്‍ വോ​ട്ട് ആരംഭിച്ചു

keralanews local body election postal vote for covid patients starts

തിരുവനന്തപുരം:കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കായുള്ള തപാല്‍ വോട്ട് തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ വോട്ടെടുപ്പാണ് തുടങ്ങിയത്. തിരുവനന്തപുരത്തിനൊപ്പം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുള്ള തപാല്‍ വോട്ടെടുപ്പും ഇന്ന് തന്നെ തുടങ്ങി.5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് രോഗികള്‍ താമസിക്കുന്ന വീടുകള്‍, ആശുപത്രികള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ സ്പെഷല്‍ പോളിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിംഗ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം. ഇവര്‍ നല്‍കുന്ന ബാലറ്റ് പേപ്പറില്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ പേന ഉപയോഗിച്ച്‌ ടിക്ക് മാര്‍ക്കോ ക്രോസ് മാര്‍ക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച്‌ മടക്കി നല്‍കണമെന്നാണ് നിര്‍ദ്ദേശം.തപാലില്‍ അയക്കേണ്ടവര്‍ക്ക് ആ രീതി സ്വീകരിക്കാം. ഇതിനുശേഷം ഓഫീസര്‍ കൈപ്പറ്റിയ രസീത് നല്‍കും. അത് കൊണ്ട് തന്നെ സാധാരണ വോട്ടെടുപ്പ് പോലെ വോട്ടറുടെ വിരലില്‍ മഷി പുരട്ടില്ല.ഓരോ ജില്ലയിലും വോട്ടെടുപ്പിന് 10 ദിവസം മുന്‍പു മുതല്‍ തലേദിവസം വൈകുന്നേരം മൂന്നുവരെ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ക്വാറന്‍റീനില്‍ ഉള്ളവര്‍ക്കുമാണ് സെപ്ഷ്യല്‍ തപാല്‍വോട്ട് അനുവദിക്കുക. വോട്ടെടുപ്പിന്‍റെ തലേദിവസം മൂന്നിന് ശേഷം വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയത്ത് കോവിഡ് പോസിറ്റീവ് ആയവര്‍ക്കും ആ സമയത്ത് നിരീക്ഷണത്തില്‍ പ്രവേശിച്ചവര്‍ക്കും തപാല്‍വോട്ടില്ല.അവര്‍ക്ക് പി.പി.ഇ. കിറ്റ് ധരിച്ച്‌ കോവിഡ് മാനദണ്ഡം പാലിച്ച്‌ പോളിംഗ് സ്റ്റേഷനില്‍ നേരിട്ട് എത്തി വോട്ട് ചെയ്യാം.

Previous ArticleNext Article