തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനശാലകള്‍ തല്‍ക്കാലം തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.മദ്യശാലകള്‍ വലിയ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ അനിയന്ത്രിതമായ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. എത്ര കണ്ട് സാമൂഹിക അകലം പാലിച്ചാലും കനത്ത തിരക്കുണ്ടാവും.അതിനാല്‍ സാഹചര്യം പരിശോധിച്ച് മാത്രം മദ്യവില്‍പനശാലകള്‍ തുറന്നാല്‍ മതിയെന്നാണ് നിലവിലെ ധാരണ.റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മദ്യ ഷാപ്പുകള്‍ ശുചീകരിച്ച് അണുവിമുക്തമാക്കിയ ശേഷം മാനദണ്ഡങ്ങള്‍ക്ക് വിധേയമായി തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മാര്‍ഗ നിര്‍ദേശത്തില്‍ ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ബാറുകളുടെ കാര്യത്തില്‍ പിന്നീട് ആലോചിച്ച് തീരുമാനമെടുക്കും.മദ്യം ഓണ്‍ലൈനില്‍ നല്‍കാന്‍ സര്‍ക്കാറോ ബീവറേജ് കോര്‍പ്പറേഷനോ തീരുമാനമെടുത്തിട്ടില്ല. മദ്യം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.എന്നാല്‍ ബെവ്കോ മദ്യവില്‍പനശാലകള്‍ തുറക്കുന്നതിന് മുന്നോടിയായി അണുനശീകരണം ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ള തുറക്കാനാവുമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ശുചീകരണം നടത്തിയത്.