തിരുവനന്തപുരം:മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കുമെന്ന് സൂചന.മോട്ടോര്‍വാഹന ചട്ട ലംഘനത്തിന്റെ പേരിലാകും നടപടി.സംഭവത്തില്‍ ജില്ലാ കലക്ടര്‍ ഇന്ന് ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഗതാഗത മന്ത്രിയ്ക്ക് കൈമാറിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നത്. പൊതു നിരത്തില്‍ പൊതുജനങ്ങള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാര്‍ഗ തടസം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു കെഎസ്‌ആര്‍ടിസി ബസുകള്‍ അപകടകരമായി പാര്‍ക്ക് ചെയ്തത്. ഗ്യാരേജില്‍ കിടന്ന ബസുകള്‍ പോലും ഇത്തരത്തില്‍ റോഡില്‍ പാര്‍ക്ക് ചെയ്തു.ഈ ബസുകളുടെ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ഇവരുടെ പേര് വിവരങ്ങളും ലൈസന്‍സും കൈമാറാന്‍ ഫോര്‍ട്ട് എസിപി, ട്രാഫിക് എസിപി എന്നിവര്‍ക്ക് ആര്‍ടിഒ കത്ത് കൈമാറി. ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ അഞ്ച് മണിക്കൂറോളമാണ് തലസ്ഥാന നഗരം സ്തംഭിച്ചത്. നടുറോഡില്‍ ബസ് നിര്‍ത്തിയിട്ടുള്ള പ്രതിഷേധത്തില്‍ ജനങ്ങളാകെ വലഞ്ഞു.കുഴഞ്ഞുവീണ ഒരു യാത്രക്കാരന്‍ മരിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. ആര്‍.ടി.ഒയുടെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സമരം ചെയ്ത കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാം. കര്‍ശന നടപടി വേണമെന്നാണ് ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം. ഇന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും നടപടി.അതേസമയം ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് തൊഴിലാളി യൂണിയനുകളെ വീണ്ടും പ്രകോപിപ്പിച്ചേക്കും. 2018ല്‍ ടിക്കറ്റ് റിസര്‍വേഷന്‍ കുടുംബശ്രീക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് അന്നത്തെ സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തെങ്കിലും നടപ്പിലായിരുന്നില്ല എന്നാല്‍ സര്‍ക്കാരിന്റെ നിസംഗതയാണ് പ്രശ്നങ്ങള്‍ വഷളാക്കിയതെന്നാണ് പ്രതിപക്ഷ നിലപാട്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.