കണ്ണൂർ:സിപിഎം പ്രവര്‍ത്തകന്‍ പവിത്രന്‍ വധക്കേസില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.വിധി പ്രഖ്യാപിച്ചത് സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം.ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സികെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെസി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.2007 നവംബര്‍ 6ന് പുലര്‍ച്ചെ 5.45ന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപം പവിത്രനെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പാല്‍ വാങ്ങാന്‍ നായനാര്‍ റോഡിലേക്കു പോവുകയായിരുന്ന പവിത്രന്‍ അക്രമികളെ കണ്ടു പാല്‍പാത്രം ഉപേക്ഷിച്ച് അടുത്തുള്ള മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്നു വെട്ടുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 10ന് പുലര്‍ച്ചെ മരിച്ചുവെന്നാണു കേസ്