Kerala, News

കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ലൈഫ് ഗാര്‍ഡിനെ കാണാതായി

keralanews life guard went missing when trying to escape girl who jumped into the sea

തിരുവനന്തപുരം:കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് ലൈഫ് ഗാര്‍ഡിനെ കാണാതായി. ശംഖുംമുഖം വയര്‍ലെസ് സ്റ്റേഷനു സമീപം രാജീവ് നഗര്‍ അഭിഹൗസില്‍ ജോണ്‍സണ്‍ ഗബ്രിയേലി(43)നെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. വഴുതക്കാട്ട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ മൂന്നാര്‍ സ്വദേശിനി അമൂല്യ(21) വൈകീട്ട് ബീച്ചില്‍ എത്തിയതായിരുന്നു. കടലിലിറങ്ങവെ തിരമാലയില്‍പ്പെട്ട് മുങ്ങിപ്പോയ അമൂല്യയെ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ കണ്ടു. രക്ഷിക്കാനായി കടലിലേക്ക് എടുത്തു ചാടിയ ജോണ്‍സണെ കണ്ട് കോഫി ഹൗസിലെ ജീവനക്കാരനായ ഫഹാസും രക്ഷാപ്രവര്‍ത്തനത്തിനായി എത്തി. മുങ്ങിത്താഴ്ന്ന അമൂല്യയെ ജോണ്‍സണും ഫഹാസും ചേര്‍ന്നു രക്ഷിച്ച്‌ കരയിലെത്തിച്ചു. ഇതിനിടയിലുണ്ടായ ശക്തമായ തിരയടിയില്‍ ജോണ്‍സണ്‍ വെള്ളത്തിലേക്കു വീഴുകയും തല പാറയില്‍ ഇടിച്ച്‌ ബോധരഹിതനാവുകയും ചെയ്തു. പരിക്കേറ്റു കിടന്ന ജോണ്‍സണെ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കൂറ്റന്‍ തിരയില്‍പ്പെട്ട് ജോണ്‍സണ്‍ കടലിലേക്ക് വീണു. ശക്തമായ തിരയായതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് ജോണ്‍സണെ രക്ഷപ്പെടുത്താനായില്ല.സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് തെരച്ചിലിന് കോസ്‌റ്റ് ഗാർഡിന്‍റെ ബോട്ട് എത്തിയത് എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ കടലാക്രമണം രൂക്ഷമാണ്. തുടർച്ചയായി അപകടം നടക്കുമ്പോഴും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Previous ArticleNext Article