ന്യൂഡൽഹി:ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ് എടുക്കാം. മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്‍പര്യമുള്ളവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം.എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.അതേസമയം, അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന രീതിയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിലവില്‍ ഉള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ്. ഒരു സംസ്ഥാനത്ത് കൂടുതല്‍ അക്രഡിറ്റഡ് കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.