കോഴിക്കോട്:സംസ്ഥാനത്ത് ഭീതിപടർത്തി എലിപ്പനി പടരുന്നു,എലിബാധിച്ചെന്ന് സംശയിച്ച് ഇന്നലെ മാത്രം സംസ്ഥാനത്ത് പത്തുപേർ മരിച്ചു.ഇതിൽ ഒരാളുടെ മരണം എലിപ്പനിബാധ മൂലമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരം ഓഗസ്റ്റ് 20 മുതൽ എലിപ്പനി ബാധിച്ച് 43 പേർ മരിച്ചു.കോഴിക്കോട് മൂന്ന് പേരും, തൃശ്ശൂരില്‍ ഒരാളും, എറണാകുളത്ത് രണ്ടുപേരും, പാലക്കാട്ടും മലപ്പുറത്തും രണ്ടുപേരും എലിപ്പനി ബാധിച്ച് മരിച്ചു. സംസ്ഥാനത്താകെ 33 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 68 പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു.എല്ലാ ജില്ലകളിലും അതിജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. എലിപ്പനി പടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽകൂടി ആരോഗ്യവകുപ്പിന്‍റെ അതിജാഗ്രതാ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. നേരത്തേ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.എലിപ്പനികൂടാതെ ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പിത്തം, മെനിഞ്ചൈറ്റിസ്, വയറിളക്കം, ചിക്കൻപോക്‌സ് തുടങ്ങിയവയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം കോഴിക്കോട്ട് എച്ച്1 എൻ1 മരണവും റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ആദ്യ എച്ച്1 എൻ1 മരണമാണ് കോഴിക്കോട്ടേത്.വെള്ളപ്പൊക്കത്തെത്തുടർന്ന് മലിനജലവുമായി ഏതെങ്കിലും രീതിയിൽ സമ്പർക്കമുണ്ടായവർ എലിപ്പനിസാധ്യത കണക്കിലെടുത്ത് എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സി സൈക്ലിൻ’ ഗുളികകൾ ആഴ്ചയിൽ രണ്ടെണ്ണം നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.