കൽപ്പറ്റ:വയനാട്ടിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുള്ളിപ്പുലി വീണു.പൊഴുതന ആറാംമൈലിൽ ഇന്ന് പുലർച്ചെയാണ് സംഭവം.ആഴമുള്ള കിണറായതിനാൽ പുലിക്ക് സ്വയം കയറാനായില്ല .ആറാംമൈലിലെ പി.എം ഹനീഫയുടെ വീട്ടിലെ കിണറിലാണ് പുലി വീണത്.കിണറിന്റെ മറ നീങ്ങിക്കിടക്കുന്നതു ശ്രദ്ധയിൽ പെട്ട ഹനീഫയുടെ ഭാര്യയാണ് പുലി കിണറ്റിൽ വീണിട്ടുണ്ടെന്നു കണ്ടെത്തിയത്.പൊഴുതനയ്ക്ക് സമീപമുള്ള നദിയുടെ അക്കരെയുള്ള വനമേഖലയിൽ നിന്നാകും പുലി വന്നതെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.പുലിയെ കരയ്ക്കു കയറ്റാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.മയക്കുവെടി വെച്ച് പുലിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.