തിരുവല്ല: കെ സ് ടി പി യുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ കുടിവെള്ള പൈപ്പുപൊട്ടി സമീപത്തെ പെട്രോൾ പമ്പിൽ വെള്ളം കയറി. ഇതേ തുടർന്ന് ചങ്ങനാശ്ശേരിയിലും സമീപത്തെ വില്ലേജുകളിലും രണ്ടു ദിവസത്തേക്ക് കുടിവെള്ളം മുടങ്ങും.
റോഡ് താഴ്ത്തുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പണികൾ നടത്തവേ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു 450 എം എം ഡക്ട് അയൺ കുടിവെള്ള പൈപ്പ് പൊട്ടിയത് . പെട്രോൾ പമ്പിന് 50 മീറ്റർ മാറിയാണ് പൈപ്പിൽ പൊട്ടലുണ്ടായത്. പമ്പിലെ പെട്രോൾ – ഡീസൽ ടാങ്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പമ്പ് അടച്ചിട്ടു.
പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റ പണികൾ തീർക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് അധികാരികൾ പറയുന്നത്. ചങ്ങനാശ്ശേരി നഗരസഭാ, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി, വാഴപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്.