ന്യൂഡല്‍ഹി: രാജ്യം വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍ ഫലത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പർ നല്‍കും.ആരോഗ്യ പരിചരണം ഡിജിറ്റലാക്കും.ഡോക്ടറുടെ സേവനം ഡിജിറ്റലായി ഉറപ്പാക്കാനും പദ്ധതി സഹായകമാണ്. രോഗകാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടനുണ്ടാകും.ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്.ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചെന്നും ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു. ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സാമ്പത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.