തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും.ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും.ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന.തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കു വേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു. ഒരു ജില്ലയില്‍ ഒരു വനിതയ്ക്ക് എങ്കിലും കോണ്‍ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുപോലും ഉണ്ടായിട്ടില്ലെന്നും അതിന് എന്ത് വിശദീകരണമാണ് പാര്‍ട്ടിക്ക് നല്‍കാനുള്ളതെന്നും അവര്‍ ചോദിച്ചു.അതേസമയം ഏറ്റുമാനൂര്‍ സീറ്റ് ആണ് ലതിക സുഭാഷ് ആവശ്യപ്പെട്ടതെന്നും അത് ഒരു ഘടകകക്ഷിക്ക് നല്‍കാന്‍ തീരുമാനിച്ചതിനാലാണ് അവര്‍ക്ക് സീറ്റ് നല്‍കാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലതിക സുഭാഷിനെ വൈപ്പിന്‍ മണ്ഡലത്തില്‍ പരിഗണിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പട്ടിക വന്നപ്പോള്‍ ദീപക് ജോയിയാണ് വൈപ്പിന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്.