മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു.92 വയസായിരുന്നു. രാവിലെ 9.45ഓടെയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രിയ ഗായികയെ കാണാനായി ആശുപത്രിയിലേക്ക് നിരവധി പ്രമുഖരാണ് എത്തിയത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായകരിൽ ഒരാളായ മങ്കേഷ്‌കർ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.1929 സെപ്റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്ഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ , ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് സഹോദരങ്ങൾ. 1942 ൽ തന്റെ 13-ാം വയസിലാണ് മങ്കേഷ്‌കർ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്. നൈറ്റിംഗേൾ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തിൽ നെല്ല് എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺകദളി ചെങ്കദളി പൂ വേണോ…’ എന്ന ഗാനം ലതാ മങ്കേഷ്‌കർ ആലപിച്ചതാണ്. 1969ൽ പത്മഭൂഷണും 1989ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരവും, 1999ൽ പത്മവിഭൂഷണും, 2001ൽ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയൻ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുസ്‌കാരങ്ങൾ നൽകി രാജ്യം ലതാ മങ്കേഷ്‌ക്കറിനെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ, സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്.