മുംബൈ: ആദായനികുതി വകുപ്പിന്‍റെ പെർമനന്‍റ് അക്കൗണ്ട് നമ്പറും (പാൻ) ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയതി കേന്ദ്രസർക്കാർ ഡിസംബർ 31 വരെ നീട്ടി. ഇതറിയിച്ചുകൊണ്ട് ആദായനികുതി വകുപ്പ് പത്രക്കുറിപ്പ് പുറത്തിറക്കി. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അവസാന തിയതി നീട്ടുന്നതെന്നാണു സൂചന. ഓഗസ്റ്റ് 31 വരെയാണു മുന്പു നിശ്ചയിച്ചിരുന്ന അവസാന തിയതി. നേരത്തെ, ജൂലൈ 31 വരെ അവസാന തിയതിയായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഓഗസ്റ്റ് അഞ്ചുവരെയും ഇതിനുശേഷം ഓഗസ്റ്റ് മുപ്പത്തൊന്നിലേക്കും നീട്ടിയിരുന്നു.ആധാർ നിയമം, ആദായ നികുതി നിയമം തുടങ്ങിയവ ആധാരമാക്കിയാണു പാൻ-ആധാർ ബന്ധിപ്പിക്കലിനു കേന്ദ്രം നിർദേശിച്ചിട്ടുള്ളത്. ഇന്ത്യയിൽ 115 കോടി ആധാർ ഉടമകളാണുള്ളത്. ഇതിൽ 25 കോടി ആളുകൾക്കു പാൻ കാർഡുകളുണ്ട്.അതേസമയം, സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി ആധാർ-പാൻ ബന്ധിപ്പിക്കലിന്‍റെ കാര്യത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജയ് ഭൂഷണ്‍ പാണ്ഡേ പറയുന്നു. ആധാർ നിയമത്തെപ്പറ്റി സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടില്ല.