ഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂൺ 30 വരെയാണ് നീട്ടിയത്. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.രണ്ടും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പുതിയ തീരുമാനം വന്നത്.1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ നടപടി. ഇത് ഒൻപതാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കുന്നത്.ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽക്കുള്ള നിരവധി സേവനങ്ങൾക്ക് അനിവാര്യമാണ് നിലവിൽ പാൻ കാർഡ്. കാർഡ് റദ്ദാവുകയാണെങ്കിൽ വാഹനങ്ങളുടെ വാങ്ങൽ, വില്‍പ്പന, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകൾക്ക് തടസം നേരിടും.