കണ്ണൂർ: നഗരമധ്യത്തില്‍ വന്‍ പുകയില ഉല്പന്ന വേട്ട. 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉല്പന്നങ്ങളുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ അബ്ദുല്‍ റഷീദ്(48), ചെറുവത്തൂര്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജയന് (64) എന്നിവരാണ് പിടിയിലായത്.കണ്ണൂര്‍ കാല്‍ടെക്സിന് സമീപമുള്ള മാളിന് പിറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം.കാറില്‍വെച്ച് പുകയില ഉല്പന്നങ്ങളുമായി അബ്ദുല്‍ റഷീദിനെ (48) പിടികൂടിയതിനുശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്. ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവയാണ് വില്പന നടത്തുന്നത്. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വാഹനവും പുകയില ഉല്പന്നങ്ങള് സൂക്ഷിച്ച ഗോഡൗണും പരിശോധിച്ചപ്പോഴാണ് ഉല്പന്നങ്ങള് പിടികൂടിയത്.പ്രിവന്റിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം.കെ. സന്തോഷ്, എക്സൈസ് കമീഷണര്‍ സ്ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ. ബിനീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.