Kerala, News

വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ്; വിദ്യാശ്രീ പദ്ധതിക്ക് തുടക്കം

keralanews laptop for students at low price vidyasree project started

കണ്ണൂര്‍: വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കുന്ന വിദ്യാശ്രീ പദ്ധതിക്ക് തുടക്കം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായാണ് വിദ്യാശ്രീ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ എസ് എഫ് ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരായ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ലാപ്‌ടോപ്പ് കുറഞ്ഞനിരക്കില്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 14 ജില്ലകളിലായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി. കുടുംബശ്രീ അംഗങ്ങളായുള്ളവര്‍ 500 രൂപ വീതം 30 മാസം തവണകളായാണ് അടയ്‌ക്കേണ്ടത്. ആദ്യ മൂന്ന് മാസതവണ സംഖ്യ അടച്ചു കഴിഞ്ഞാല്‍ അംഗങ്ങള്‍ക്ക് ലാപ്‌ടോപ്പിനായി അപേക്ഷിക്കാം. ലാപ്‌ടോപ്പ് ലഭിച്ചതിനു ശേഷം ബാക്കിയുള്ള തുക തവണകളായി അടച്ചു തീര്‍ത്താല്‍ മതി. ഉപഭോക്താക്കള്‍ക്ക് കോക്കോണിക്‌സ്, എച്ച്‌ പി, എയ്‌സര്‍, ലെനോവ എന്നിവയില്‍ നിന്നും ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍കാരും നാല് ശതമാനം പലിശ കെ എസ് എഫ് ഇയും വഹിക്കും.

പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പൊലീസ് സഹകരണ സൊസൈറ്റി ഹാളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കൊവിഡ് ജനജീവിതം സ്തംഭിപ്പിച്ചപ്പോള്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ വിദ്യാശ്രീ പദ്ധതി പോലുള്ള സ്വീകാര്യമായ പരിപാടികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പട്ടികജാതി, ആശ്രയ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടമായി ലാപ്‌ടോപ്പുകള്‍ നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം സുരേഷ് ബാബു എളയാവൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം ടി സരള, കെ എസ് എഫ് ഇ സീനിയര്‍ മാനേജര്‍ എ രതീഷ്, കെ എസ് എഫ് ഇ ഡിജിഎം എ പ്രമോദ്, കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുത്തു.

Previous ArticleNext Article