കണ്ണൂർ: ജില്ലയിൽ കനത്ത മഴയിൽ മലയോരത്ത് വ്യാപക ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. നെടുംപുറംചാൽ, തുടിയാട്, ചെക്കേരി, വെള്ളറ, പൂളക്കുറ്റി മേഖലയിലാണ് ഉരുൾപൊട്ടിയത്. ഒഴുക്കിൽപ്പെട്ട് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മേലേ വെള്ളറയിലെ ചന്ദ്രൻ, നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് നദീറയുടെ മകൾ രണ്ടര വയസ്സുകാരി നുമ തസ്ലീം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.വീടിന് മുകളില്‍ മണ്ണിടിഞ്ഞാണ് ചന്ദ്രനെ കാണാതായത്.എൻഡിആർഎഫ് സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ നുമ തസ്ലിമിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പിൻഭാഗത്തേക്ക് വന്ന നദീറയും കുഞ്ഞും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയേയും സമീപത്തെ മറ്റൊരു കുടുംബത്തേയും അഗ്നിരക്ഷാസേന രക്ഷപെടുത്തിയിരുന്നു.പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.നെടുംപൊയില്‍, ചിക്കേരി കോളനി, നെടുംപുറം ചാല്‍ എന്നിവടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. കാണിച്ചാറില്‍ മണ്ണിടിച്ചിലുണ്ടായി. തൊണ്ടിയില്‍, നെടും പൊയില്‍, കൊമ്മേരി ടൗണുകളില്‍ വെള്ളം കയറി. കണ്ണൂരില്‍ മഴ കനത്തതോടെ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവിനിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒലിച്ചു പോയതായി ഡയറക്ടര്‍ സന്തോഷ് അറിയിച്ചു. നിരവധി പശുക്കള്‍ ചാവുകയും തെറ്റുവഴി സര്‍വീസ് സ്റ്റേഷനു സമീപം ഒരു കുടുംബം ഒറ്റപ്പെടുകയും ചെയ്തു. തലശേരി, മാനന്തവാടി അന്തര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുള്‍പൊട്ടലില്‍ ഒരുകുടുംബം പൂര്‍ണമായും ഒറ്റപ്പെട്ടു.